അമ്പിളി
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാമര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു !
വിൺമ്മേൽ നിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തിൽക്കൂറുമീ-
മോഹനാകൃതിക്കുണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കും വഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ
വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ
എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടും വരെ
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം